* കേരളനവോത്ഥാനത്തിൻറെ പിതാവ് എന്നാണ് ശ്രീനാരായണ ഗുരു വിശേഷിപ്പിക്കപ്പെടുന്നത്.
* ദുഷിച്ച ജാതി വ്യവസ്ഥകളും തീണ്ടലും തൊടീലും അന്ധവിശ്വാസവും കാരണം പിന്നാക്ക വിഭാഗക്കാർ പലതരത്തിലുള്ള സാമൂഹ്യ അനീതികൾ അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുവിൻറെ ജനനം.
* മുൻ തിരുവിതാംകൂറിൽ ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ വയൽവാരം വീട്ടിലാണ് 1856 ആഗസ്റ്റ് 20-ന് ശ്രീനാരായണ ഗുരു ജനിച്ചത്.
* പിതാവ് മാടനാശാൻ, മാതാവ് കുട്ടിയമ്മ.
* യഥാർത്ഥ പേര് നാരായണൻ.
* ഓമനപ്പേരായിരുന്നു നാണു.
* നാരായണൻറെ അനുജത്തിമാരായിരുന്നു കൊച്ചു, തേവി, മാത എന്നിവർ.
* ഔപചാരിക വിദ്യാഭ്യസത്തിന് തൊട്ടടുത്ത സ്കൂളിൽ ചേർന്നു.
സ്കൂളിലെ പഠനത്തിന് പുറമെ അച്ഛനും അമ്മാവനും തമിഴ്, സംസ്കൃതം, മറ്റു പരമ്പരാഗത വിഷയങ്ങളിൽ അറിവ് പകർന്നു. ഉപരിപഠനത്തിനായി കുമ്മമ്പള്ളി രാമൻപിള്ള ആശാൻറെ കീഴിൽ ചേർന്നു.
* പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കുന്നതിൽ തത്പരനായിരുന്ന നാണു ഒഴിവ് സമയത്ത് വീടിന് സമീപത്തുള്ള അമ്പലത്തിലെ ആരാധനാ കാര്യങ്ങളിൽ സഹായിക്കുമായിരുന്നു. നാണുവിന് പതിനഞ്ചു വയസ്സുള്ളപ്പോൾ അമ്മ അന്തരിച്ചു.
* പഠനം പൂർത്തിയായ ശേഷം വീടിന് സമീപത്തുള്ള വിദ്യാലയത്തിൽ അദ്ധ്യാപകനായി. അങ്ങനെ നാണുവാശാനായി.
* ഒരു പാരമ്പര്യ വൈദ്യൻറെ മകളായ കാളിയമ്മയുമായി നാണുവാശാൻറെ വിവാഹം നടന്നെങ്കിലും അദ്ദേഹത്തിൻറെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ജീവചരിത്രങ്ങളിൽ വിശദമായ പരാമർശമില്ല.
* ചട്ടമ്പി സ്വാമികളെ അണിയൂർ ക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടി. ചട്ടമ്പി സ്വാമികൾ നാണുവാശാനെ തൻറെ ഗുരുവായ തൈക്കാട് അയ്യായുടെ സമീപത്തേയ്ക്ക് കൂട്ടികൊണ്ടു പോയി. തൈക്കാട് അയ്യയിൽ നിന്നാണ് യോഗയുടെ പാഠങ്ങൾ അഭ്യസിച്ചത്.
* തുടർന്ന് മരുത്വമലയിലേയ്ക്ക് പോയി (ഇപ്പോൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ). അവിടെ പിള്ളത്തടം ഗുഹയിൽ താമസിച്ചു വർഷങ്ങൾ നീണ്ട ഏകാന്ത ജീവിതവും ധ്യാനവും നടത്തി. അതിലൂടെ അദ്ദേഹത്തിന് ആത്മീയോന്നതി പ്രാപ്തമായി.
* അവർണ്ണർക്ക് ആരാധന നടത്തുന്നതിനായി 1888-ൽ നെയ്യാറിൻറെ തീരത്തുള്ള അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തി.
* അരുവിപ്പുറത്തുള്ള കൊടിതൂക്കിമലയിലുള്ള ഗുഹയിലും ഗുരു തപസ്സ് അനുഷ്ഠിച്ചിട്ടുണ്ട്.
* ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാ കർമ്മം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യം ചെയ്തു. “നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്” എന്നായിരുന്നു നാരായണ ഗുരുവിൻറെ മറുപടി.
* ‘അരുവിപ്പുറം വിപ്ലവം’ എന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളായി അധ:കൃത സമുദായാംഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം നിഷിദ്ധമായിരുന്നു വ്യവസ്ഥകളും വിശ്വാസങ്ങളും ആണ് ഗുരു തൻറെ പ്രതിഷ്ഠയിലൂടെ തച്ചുതകർത്തത്.
* ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണ് അരുവിപ്പുറത്ത് ഗുരു വിഭാവനം ചെയ്തത്.
* ആദ്യത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ഗുരു ഉപയോഗിച്ചത് നെയ്യാറിൽ നിന്ന് സ്വയം മുങ്ങിയെടുത്ത ഒരു കരിങ്കല്ലായിരുന്നു.
* ശങ്കരൻ കുഴി എന്ന് നാട്ടുകാർ വിളിക്കുന്ന ഒരു കയത്തിൽ നിന്നാണ് ഗുരു കല്ല് മുങ്ങിയെടുത്തത്.
* കേരളത്തിലുടനീളം ശ്രീനാരായണ ഗുരുവിൻറെ നേതൃത്വത്തിൽ ക്ഷേത്രപ്രതിഷ്ഠകൾ നടത്തി.
* കുളത്തൂർ കോലത്തുകാര ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ടേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
* ഇപ്രകാരം പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ നിന്ന് ഗുരുവിൻറെ സന്ദേശം കേരളമൊട്ടാകെ പ്രചരിച്ചു. * വേലായുധൻ നട എന്ന് നാട്ടുകാർ പറയുന്ന വക്കം സുബ്രഹ്മണ്യ ക്ഷേത്രം സ്ഥാപിച്ചത് 1889-ലാണ്. ഗുരുവിൻറെ ആദ്യ സുബ്രഹ്മണ്യ പ്രതിഷ്ഠയായിരുന്നു അത്. ഇതിനോട് അടുത്ത സമയത്ത് തന്നെ വക്കത്ത് ദേവേശ്വര ക്ഷേത്രം ആരംഭിച്ചു.
* പൂത്തോട്ട ശ്രീവല്ലഭേശ്വര ക്ഷേത്രത്തിൻറെ പ്രതിഷ്ഠയ്ക്ക് നാരായണ ഗുരു എത്തിയത് ചട്ടമ്പി സ്വാമികളുമൊത്താണ്. പെരുനെല്ലി കൃഷ്ണൻ വൈദ്യർ , കുളവേലി കൃഷ്ണൻ വൈദ്യർ തുടങ്ങിയവർ അവിടെ സന്നിഹിതരായിരുന്നു. പ്രതിഷ്ഠ കഴിഞ്ഞു അവിടെ വിദ്യാലയം ഉണ്ടാകണമെന്ന് ഗുരു അനുയായികളോട് പറഞ്ഞു. കാലക്രമേണ അത് ഫലിക്കുകയും ചെയ്തു.
* 1920-ൽ തൃശ്ശൂർ കാഞ്ഞാണിക്കടുത്ത് കാരമുക്കിൽ ചിദംബരനാഥ വിഗ്രഹം പ്രതിഷ്ഠിക്കാനാണ് ഗുരു ഉദ്ദേശിച്ചത്. എന്നാൽ, ദീപമാണ് പ്രതിഷ്ഠിച്ചത്.
* തിരുവനന്തപുരം ജില്ലയിലെ മുരിക്കുംപുഴയിലെ ക്ഷേത്രത്തിൽ ഓം എന്ന് രേഖപ്പെടുത്തിയ തിളക്കമുള്ള തകിടാണ് സ്ഥാപിച്ചത്. ചുറ്റും സത്യം, ധർമ്മം, ദയ, ശാന്തി എന്നും എഴുതിയീട്ടുണ്ട്.
* ബില്ലവർക്ക് വേണ്ടി മംഗലാപുരത്ത് ഗുരു സ്ഥാപിച്ച ക്ഷേത്രമാണ് തിരുപ്പതീശ്വരക്ഷേത്രം.
* കോഴിക്കോട് ശ്രീനാരായണ ഗുരു ശ്രീകണ്ടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടത് ആനി ബസൻറ് ആണ്.
* ഒടുവിൽ കണ്ണാടിയാണ് പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. അഹം ബ്രഹ്മാസ്മി അഥവാ ഞാൻ തന്നെയാണ് ദൈവം എന്ന ആശയമാണ് അദ്ദേഹം ഇതിലൂടെ മുന്നോട്ട് വച്ചത്. ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തിയത് കാളവങ്കോട് എന്ന സ്ഥലത്താണ്. 1927 ജൂൺ 4 നാണ് പ്രതിഷ്ഠ നടത്തിയത്.
* വൈക്കം താലൂക്കിലെ ഉല്ലല എന്ന സ്ഥലത്ത് ആണ് രണ്ടാമത്തെ കണ്ണാടി പ്രതിഷ്ഠ നടത്തിയത്.
* കരിങ്കല്ലിൽ തുടങ്ങി കണ്ണാടിയിൽ അവസാനിച്ച ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഈശ്വരാരാധനയ്ക്ക് പുതിയ പരിപ്രേക്ഷ്യങ്ങൾ പരിചയപ്പെടുത്തുകയും സാമൂഹികോന്നമനത്തെ തടസ്സപ്പെടുത്തി നിന്നിരുന്ന ജാതിയുടെ മതിൽകെട്ടുകൾക്കപ്പുറം , മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശവുമായി മാനവ സഹവർത്തിത്വത്തിൻറെ മഹത്വം ഉദ്ഘോഷിക്കുകയും ചെയ്തു ശ്രീ നാരായണ ഗുരു.
* ഒട്ടാകെ 20 ശിവക്ഷേത്രങ്ങളും 4 ദേവീ ക്ഷേത്രങ്ങളും 6 സുബ്രഹ്മണ്യ ക്ഷേത്രങ്ങളും വിഗ്രഹങ്ങളില്ലാത്ത 2 ക്ഷേത്രങ്ങളും ഗുരു സ്ഥാപിച്ചു.
* ഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗമാണ് പിൽകാലത്ത് ശ്രീനാരായണ ധർമ്മപരിപാലന യോഗം സ്ഥാപിക്കാൻ പ്രേരണയായത്. താഴെ തട്ടിൽ ശാഖ, മധ്യതലത്തിൽ യൂണിയൻ, ഏറ്റവും മുകളിൽ യോഗം എന്ന രീതിയിലാണ് പ്രസ്ഥാനത്തിൻറെ ഘടന.
* വിദ്യാലയങ്ങളും ഗ്രന്ഥശാലകളും സ്ഥപിക്കാൻ നേതൃത്വം നൽകിയ ഗുരു വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനാവശ്യ ചടങ്ങുകൾ പരിഷ്കരിക്കുകയും ചെയ്തു.
* പഴയ രീതിയിൽ സഹോദരി മുണ്ടുകൊടുക്കുന്ന പതിവിന് വിപരീതമായി വധൂവരന്മാർ അഭിമുഖമായിരുന്ന് പരസ്പരം മാലയിട്ട് അന്യോന്യം വരിക്കുന്ന പതിവ് നിലവിൽവന്നു. ബഹുഭർതൃത്വം, ബഹുഭാര്യത്വം, മരുമക്കത്തായം എന്നിവയും അനാകർഷകമായിത്തുടങ്ങി.
* വിദ്യാഭ്യസത്തിലൂടെ മാന്യമായി ജോലി സമ്പാദിക്കാനും വ്യവസായങ്ങൾ ആരംഭിച്ചു സാമ്പത്തികമായി ഉന്നമനം നേടാനും അതുവഴി വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ രംഗങ്ങളിൽ മുന്നേറാനും സ്വസമുദായാംഗങ്ങളോട് സ്വാമികൾ ആഹ്വനം ചെയ്തു.
* 1891-ൽ കുമാരനാശാൻ ആദ്യമായി ശ്രീനാരായണ ഗുരുവിനെകണ്ടു.
* 1903 മെയ് 15-നാണ് ശ്രീനാരായണ ധർമ്മ പരിപാലനയോഗം രജിസ്റ്റർചെയ്തത്.
* ശ്രീനാരായണ ഗുരു ആജീവനാന്ത അധ്യക്ഷൻ.
* ആദ്യ സെക്രട്ടറി കുമാരനാശാൻ.
* യോഗത്തിൻറെ രൂപീകരണത്തിന് നിർണായകമായ പങ്ക് വഹിച്ചത് ഡോ.പൽപ്പുവാണ്.
* SNDP യോഗത്തിൻറെ പ്രഥമ വാർഷിക സമ്മേളനം നടന്നത് അരുവിപ്പുറത്താണ്.
* SNDP യോഗത്തിൻറെ ആസ്ഥാനം കൊല്ലം ആണ്.
* ഗുരുവിൻറെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കമിട്ട വർഷമാണ് 1904.
* തിരുവനന്തപുരത്ത് നിന്നും 32 കിലോമീറ്റർ വടക്കുള്ള വർക്കല തൻറെ പ്രവർത്തന കേന്ദ്രമായി ഗുരു തിരഞ്ഞെടുത്തു.
* വർക്കല കുന്നിന് ശിവഗിരി എന്ന പേര് നൽകിയത് ശ്രീനാരായണ ഗുരുവാണ്.