Categories
Bulletin

പ്രായം കഴിഞ്ഞവർ നിരാശരാകേണ്ട; ആശ്വാസവുമായി പി.എസ്.സി

കഴിഞ്ഞ ജനുവരിയിൽ 36 വയസ്സ് തികഞ്ഞവർക്ക് ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാം. പി.എസ്.സി 36 കാർക്ക് ഭാഗ്യം പരീക്ഷിക്കാൻ ഒരു സുവർണാവസരം കൂടി നൽകുന്നു.

ഉയർന്ന പ്രായപരിധി 2017 ജനുവരി ഒന്നിന് കഴിഞ്ഞവർക്കും ഈ വർഷം ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്യുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ പി.എസ്.സി അനുമതി നൽകുന്നു.

ഇതിന് വേണ്ടി ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങളിലായി 178 തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കാനാണ് പി.എസ്.സി തീരുമാനം. ഇത്രയും തസ്തികകളിലായി അയ്യായിരത്തോളം ഒഴിവുകളാണുള്ളത്.

പി.എസ്.സിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 ഉം പിന്നാക്ക വിഭാഗങ്ങൾക്ക് 39 ഉം പട്ടിക വിഭാഗങ്ങൾക്ക് 41ഉം ആണ്.

ഈ വർഷം ജനുവരി ഒന്നിന് ഉയർന്ന പ്രായപരിധി കഴിഞ്ഞതിന്റെ സങ്കടത്തിൽ കഴിയുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാവും. 178 തസ്തികകളിൽ 68 എണ്ണത്തിന്റെ വിജ്ഞാപനം ഇക്കഴിഞ്ഞ 13ന് ഇറങ്ങി. 19 എണ്ണം പൊതു വിഭാഗത്തിനും 18 എണ്ണം പട്ടിക വിഭാഗത്തിനുമാണ്.

110 തസ്തികകളിലേക്കുള്ള വിജ്ഞാപനം വരുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ ഉണ്ടാകും. ഇതിൽ ഇരുപതോളം തസ്തികകൾ പൊതു വിഭാഗത്തിനും ബാക്കിയുള്ളവ വിവിധ സംവരണ സമുദായങ്ങൾക്കുമുള്ള എൻ.സി.എ തസ്തികകളാണ്.
കാർഡ് ബാങ്ക്, കെ.എ.എസ്സ്പെഷ്യൽ റൂൾ തുടങ്ങിയവയ്ക്കുള്ള വിജ്ഞാപനം വൈകും.

നിയമനം 1996ൽ പി.എസ്.സിക്ക് വിടുകയും സർക്കാർ സ്പെഷ്യൽ റൂൾ ഇറക്കാത്തതിനാൽ നിയമനം നടക്കാതിരിക്കുകയും ചെയ്ത കേരള കാർഷിക ഗ്രാമ വികസനബാങ്ക് (കാർഡ് ബാങ്ക്),സെക്രട്ടേറിയറ്റിൽ പുതുതായി രൂപവത്കരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ.എ.എസ് ) എന്നിവയിലേക്ക് സർക്കാർ ഉടൻ സ്പെഷ്യൽ റൂൾ ഇറക്കിയാൽ ഡിസംബർ 31ന് മുമ്പ്പി.എസ്.സിക്ക് വിജ്ഞാപനമിറക്കാനാവും.എങ്കിൽ ഈ ഇളവ് ലഭിക്കുന്നവർക്ക് ഈ തസ്തികകളിലേക്കും അപേക്ഷിക്കാം.

കാർഡ് ബാങ്ക് സ്പെഷ്യൽ റൂളിന്റെ കരടായിട്ടുണ്ട്.പി.എസ്.സിയും സർക്കാരുമാണ് തുടർ നടപടിയെടുക്കേണ്ടത്.കെ.എ.എസിന്റെ സ്പെഷ്യൽ റൂൾ തയ്യാറാക്കാനിരിക്കുന്നതേയുള്ളൂ.